Sunday, October 19, 2014

ആത്മഗതങ്ങൾക്കപ്പുറം

ഇന്നാകെ ഒരു നനഞ്ഞ ദിവസമാണ്. പക്ഷെ ഇന്ന് പതിവിലും  നേരത്തെ എത്തി. ഗേറ്റ് കടക്കുമ്പോൾ ഇടതുവശത്ത് ഷെഡ്‌ഡിൽ അഴുക്ക് പിടിച്ച സ്കൂൾ ബസ്സ്‌ കിടപ്പുണ്ട്. ടൈൽ പാകിയ നിരത്തിലൂടെ മുന്നോട്ടു നടന്നപ്പോൾ കുറച്ചുപേർ വലതുവശത്ത് വെച്ചിരിക്കുന്ന ബോർഡും കയ്യിലുള്ള  ഹാൾ ടിക്കെറ്റും നോക്കി അവരവരുടെ ഹാൾ കണ്ടുപിടിക്കാൻ ബദ്ധപ്പെടുന്നത്‌ കണ്ടു. തിടുക്കമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ഞാനും എൻറെ ഹാൾ ആ ബോർഡിൽ നോക്കി കണ്ടുപിടിച്ചു. റൂം നമ്പർ  24 - ഓഡിറ്റോറിയം. ചലനം നന്നേ കുറവ്. മരണവീട്ടിലേക്ക് കയറി വരുന്ന കൃത്രിമ ഗൗരവത്തോടെ ഉദ്യോഗാർത്ഥികൾ ഓരോരുത്തരായി വന്നു തുടങ്ങുന്നു. എങ്കിലും മരണവീടിനെ ഓർമ്മപ്പെടുത്തുന്ന ആ ഇരുണ്ട നിശ്ശബ്ദത സ്കൂൾ ക്യാമ്പസിലെങ്ങും  തളം കെട്ടി നില്കുന്നതായി അനുഭവപ്പെട്ടു.

പഴകിയ മഞ്ഞ പൂശിയ കെട്ടിടങ്ങളായിരുന്നു സ്കൂളും ഓഡിറ്റോറിയവും. *ദേവി കണ്ട പാണ്ടവപുരത്തിനും ഇതേ മഞ്ഞയായിരുന്നോ? അറിയില്ല.  ഓഡിറ്റോറിയത്തിന് മുന്നിലെ  ആസ്ബെസ്റ്റോസ് ഷീറ്റിൽ നിന്ന് വളരെ പതിഞ്ഞ താളത്തിൽ ഇറ്റു വീഴുന്ന വെള്ളത്തുള്ളികളും നോക്കി നിൽക്കുമ്പോൾ വല്ലാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടു. ഈ വിങ്ങൽ എനിക്കപരിചിതമല്ലായിരുന്നു. മഴ പൊട്ടിച്ചിതറുമ്പോൾ കളി പാതിവഴിയിൽ ഉപേക്ഷിച്ചോടിവരുന്ന കുരുന്നുപേരക്കിടാങ്ങളെ തൻറെ മാറോട് ചേർത്ത് പിടിക്കാൻ ഒരു വലിയ കാലങ്കുടയും നിവർത്തി വരമ്പത്ത് കാത്തുനില്കുന്ന മുത്തച്ഛനെപോലെ ഒരു കൂറ്റൻ വൃക്ഷം ഓഡിറ്റോറിയത്തിന് മുന്നിൽ നില്പുണ്ട്. എൽ. പി സ്കൂളിലേക്കുള്ള ആ കൊച്ചുവഴി മഞ്ഞപ്പരവതാനി വിരിച്ചാർക്കോ വേണ്ടി കാത്തുനില്ക്കുകയാണോ ഈ മുത്തച്ഛൻ? ഈ വൃദ്ധൻറെ കൊഴിഞ്ഞുവീണ പ്രതീക്ഷകളെ ചവിട്ടിഞെരിച്ചെത്രയെത്ര പെണ്‍കുരുന്നുകൾ ഈ വഴി കടന്നുപോയിട്ടുണ്ടാകും? എത്രയെത്ര കഥകളുണ്ടാകും ഈ മുത്തച്ഛന് പറയാൻ? ഒരുപക്ഷെ ഈ തണലിലിരുന്ന് അവൾ കൂട്ടുകാരികളുമായി സല്ലപിച്ച്‌ ഊണ് പങ്കിട്ടു  കഴിച്ചിരുന്നിരിക്കും.

ബസ്സുകൾ വന്നും പോയുമിരുന്നു. സ്കൂളിന് മുന്നിൽ ഓരോ ബസ്സ് ബ്രേക്കിട്ട് നിലവിളിച്ച് നിർത്തുമ്പോഴും എൻറെ കണ്ണുകൾ വെറുതെ ഏതോ പരിചിതമായ മുഖത്തിനു വേണ്ടി വെമ്പൽ കൊള്ളുന്നുണ്ടായിരുന്നു. എത്ര വിചിത്രവും ഭ്രാന്തവുമാണ് മനുഷ്യൻറെ പ്രതീക്ഷകൾ എന്ന് തോന്നി പോകുന്നു. പരീക്ഷ തുടങ്ങാൻ ഇനി വളരെ കുറച്ച് സമയം മാത്രം. പലരും ഇപ്പോഴും കൊംപെറ്റിറ്റീവ് എക്സാം ഗൈഡുകൾ മറിച്ചുനോക്കുകയാണ്. ഞാൻ വെറുതെ കൊഴിഞ്ഞുവീഴുന്ന പഴുത്ത ഇലകളെയും നോക്കി നിസ്സംഗനായി നിന്നു. ഇതിൻറെ മുഴുത്ത വേരുകൾ കൂടിപ്പിണഞ്ഞ് കിടക്കുന്നു, ഓർമ്മകൾ പോലെ. പക്ഷെ വേരുകൾ ഈ വൃക്ഷത്തെ നോവിക്കുന്നുണ്ടാകുമോ എന്നറിയില്ല. ഇനി അങ്ങനെയാണെങ്കിൽതന്നെ സഹിക്കയല്ലാതെ വേറെന്ത് മാർഗം?

മണി മുഴങ്ങി. ഞാനും ഓഡിറ്റോറിയത്തിൽ കയറി ഇരുന്നു. എൻറെ മുൻപിൽ സ്റ്റേജാണ്‌. ഗവണ്മെൻറ്റ് എച്. എസ്‌.  എസ് ഫോർ  ഗേൾസ് എന്ന് വലിയ അക്ഷരത്തിൽ എഴുതിയിട്ടുണ്ട്. വലതുവശത്തെ ചുമരിൽ രാഷ്ട്രപിതാവ് എന്നെ നോക്കി ചിരിക്കുന്നുണ്ടായിരുന്നു. വാത്സല്യവും ആശ്ചര്യവും കലർന്ന ചിരി. ഇടതുവശത്ത് നെഹ്റുവും ഇന്ദിരാജിയും ഉണ്ടായിരുന്നു. എക്സാമിനർ ഒ. എം . ആർ ഷീറ്റ് പൂരിപ്പിക്കാനുള്ള നിർദ്ദേശങ്ങൾ ആംഗലേയ ഭാഷയിൽ പറയാൻ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു.

പരീക്ഷ എഴുതി തുടങ്ങാനുള്ള മണി മുഴങ്ങിയിട്ടും ഞാൻ സ്റ്റേജിൽ കണ്ണും നട്ടിരുന്നു. ഈ സ്റ്റേജിൽ കയറി നിന്ന് പരിഭ്രമത്തോടെ തണുത്തുമരവിച്ച ഉള്ളൻ കൈകളും കൂപ്പി കണ്ണുമടച്ച് അവൾ പ്രാർഥനാഗീതം പാടിയിട്ടുണ്ടാകും. അന്നവൾ സ്റ്റേജിൽ നിന്നിറങ്ങി ആ കുസൃതിച്ചിരിയോടെ ഏത് കൂട്ടുകാരിയുടെ കവിളുകളിലാവുമാ തണുത്ത കൈകൾകൊണ്ട് തലോടിയിട്ടുണ്ടാവുക? അവളുടെ ഗന്ധവും സ്പർശവും തിരിച്ചറിയാൻ കഴിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക് എന്നോർക്കുമ്പോൾ നെടുവീർപ്പിടാൻ മാത്രമേ എനിക്ക് കഴിയുന്നുള്ളു. ചോദ്യക്കടലാസിലൂടെ  കണ്ണോടിക്കുമ്പോൾ എൻറെ കണ്‍പോളകൾക്ക് ഭാരമേറുന്നു. അധികം പണിപ്പെടാതെ ഉത്തരം കിട്ടുന്ന ചില ചോദ്യങ്ങൾക്കുത്തരം തേടവേ ഞാൻ ജാലകത്തിൻറെ ചില്ലുകൊണ്ടുള്ള ചതുരക്കള്ളികളിലൂടെ അൽപനേരം പുറത്തേക്ക് നോക്കിയിരുന്നു. പരീക്ഷക്ക്‌ വൈകിയെത്തുന്ന ഒരു പെണ്‍കുട്ടി അവളാകുമോ?

ആ ദീർഘചതുരത്തിനുള്ളിൽ കൊണോടുകോണായി നിൽകുന്ന രണ്ടു ചതുരങ്ങളിലൊന്നിലൂടെ കൂടിപ്പിണഞ്ഞു കിടക്കുന്ന വേരുകളും, മറ്റെതിലൂടെ ഉയരത്തിൽ നിശ്ചലമായി നില്കുന്ന ഇലകളും കാണുന്നുണ്ട്. ചിലപ്പോഴെങ്കിലും കൂടിപ്പിണഞ്ഞു കിടക്കുന്ന നീരാളിയുടെ കാലുകളെ ഓർമ്മപ്പെടുത്തുന്ന കരുവാളിച്ച വേരുകൾക്കൊരു ഭീകരതയുണ്ടെന്ന് തോന്നിപ്പോകുന്നു, നീരാളികൾ പലപ്പോഴും ഓർമ്മകളെക്കാൾ ദയാശീലരാണെന്നും. കൊഴിഞ്ഞുവീഴുന്ന ഇലകൾ  ജീർണിക്കുന്നു, വളമാകുന്നു, എന്തിന്? വേരുകൾക്കതൂറ്റിയെടുത്ത് വീണ്ടും ഇലകളെ മുളപ്പിക്കാനോ? 

രാഷ്ട്രപിതാവിൻറെ ചുവർചിത്രത്തിനു കീഴെ ഭിത്തിയിൽ ഒട്ടിച്ചിട്ടുള്ള പലനിറങ്ങളിലുള്ള റിബണുകൾ ആടിയുലയുന്നുണ്ടായിരുന്നു. കുട്ടികൾ ഏതോ ആഘോഷവേളയിൽ ഹാൾ അലങ്കരിക്കാൻ ഒട്ടിച്ചതാവണം. അങ്ങിങ്ങ് തൂങ്ങിക്കിടക്കുന്ന മാറാലകൾ അപ്പോഴും നിശ്ചലമായിരുന്നു. അവസാനത്തെ മണിമുഴക്കത്തിന് ശേഷം ഹാളിൽ നിന്നിറങ്ങി ഞാൻ പുറത്തുള്ള അരമതിലിൽ ചെന്നിരുന്നു. മഞ്ഞപ്പരവതാനി ചവിട്ടിമെതിച്ചുകൊണ്ട്‌ ഉദ്യോഗാർത്ഥികൾ കടന്നുപോയ്ക്കൊണ്ടിരുന്നു. മഴ പൊടിഞ്ഞ് തുടങ്ങിയിരുന്നു. മുത്തച്ഛൻ എന്നെ മാറോടുചേർത്തു. എവിടെനിന്നോ മെഹ്ദി ഹസ്സൻ സാഹെബിൻറെ ശബ്ദം ഒഴുകി വന്നു...
                
                          **   "रंजिश ही सही दिल ही दुखाने के लिए आ...
                                  आ फिर से मुझे छोड़ के जाने के लिये आ..."





  *  പാണ്ഡവപുരം എന്ന സേതുവിൻറെ ഏറ്റവും ശ്രദ്ധേയമായ നോവലിലെ 
        കേന്ദ്രകഥാപാത്രമാണ് ദേവി.
** എൻറെ  ഹൃദയത്തെ നോവിക്കാനെങ്കിലും നീ വരൂ...
        വീണ്ടും എന്നെ ഉപേക്ഷിച്ചു പോകാനെങ്കിലും നീ വരൂ....