Tuesday, May 24, 2016

കമ്മട്ടിപ്പാടം (Kammattippaadam) - തീവ്രമായ ഒരു ചലച്ചിത്ര അനുഭവം (DON'T MISS IT)

                           
"ഞാനരിയും കുരലുകളെല്ലാം എന്‍റെതോ പോന്നഛാ?
                                          നീയരിയും കുരലും ചങ്കും എല്ലാരുടേം പൊന്‍മകനേ..."


ഈ ഗാനത്തിന്‍റെ, മുകളില്‍ ഉദ്ധരിക്കപ്പെട്ടിട്ടുള്ള ആദ്യവരികളില്‍ തന്നെയുണ്ട്‌ ഈ സിനിമയുടെ ആത്മാവ്. കമ്മട്ടിപ്പാടം എന്ന് വിളിക്കപ്പെട്ടിരുന്ന പുഴു, പുലികള്‍, പക്കി, പരുന്തുകള്‍, കടലാനകള്‍, കാട്ടുരുവങ്ങള്‍, പലകാലം പരദൈവങ്ങള്‍, പുലയാടികള്‍ എല്ലാം നരകിച്ചും കലഹിച്ചും പൊറുക്കുന്ന കൊച്ചിയിലെ ഒരു പ്രദേശത്തിന്‍റെ പരിണാമം എങ്ങനെ അവിടെയുള്ള കുറേ മനുഷ്യജീവിതങ്ങളെ ബാധിക്കുന്നു (അതോ നേരേ തിരിച്ചോ?) എന്ന് വളരെ സത്യസന്ധമായി, പച്ചയായി വരച്ചു കാണിക്കുകയാണ് രാജീവ് രവി തന്‍റെ 'കമ്മട്ടിപ്പാടം' എന്ന ഏറ്റവും പുതിയ ചിത്രത്തിലൂടെ. ഞാന്‍ ഗോള്‍ഡ്‌ സൂക്കിലെ ഒരു എ.സി തീയേറ്ററിന്‍റെ തണുപ്പിലിരുന്ന് ഈ ചിത്രം കണ്ടു എന്ന് പറയുന്നതിന്‍റെ 'irony' ഈ ചിത്രം കണ്ടവര്‍ക്ക് മനസ്സിലാകും! വേയ്ക്കുന്ന കാലുകളുമായി കൃഷ്ണന്‍ (ദുല്‍ഖര്‍ സല്‍മാന്‍) തന്‍റെ മുറിവേറ്റ വയറില്‍ കൈകള്‍ അമര്‍ത്തിക്കൊണ്ട് ബോധത്തിനും അബോധത്തിനും ഇടയില്‍ തന്‍റെ ബാല്യകാലത്തിലെ ഏതോ ഒരേട്‌ പുലമ്പിക്കൊണ്ട് ബസ്സിനടുത്തേക്ക് മുടന്തി നീങ്ങുന്ന ആദ്യരംഗത്തില്‍ തന്നെ സംവിധായകന്‍ സിനിമയുടെ 'mood' വ്യക്തമാക്കുന്നു. അവിടെനിന്നു തുടങ്ങുന്നു വിസ്മയകരമായ സിനിമ അനുഭവം.
ഒരു സിനിമയെ സിനിമയാക്കുന്ന എല്ലാ ടകങ്ങളും, അതായത് സംവിധാനവും, ഛായാഗ്രഹണവും, അഭിനയവും, ലൈറ്റിങ്ങും, എഡിറ്റിങ്ങും, പശ്ചാത്തല സംഗീതവും എല്ലാം വളരെ മനോഹരമായി, ആത്മാര്‍ഥമായി നിര്‍വ്വഹിക്കപ്പെട്ടിരിക്കുന്നു എന്ന് പറയാതെ വയ്യ. വിനായകന്‍റെയും മണികണ്ഠന്‍റെയും അതി സൂക്ഷ്മമായ പ്രകടനങ്ങള്‍ എടുത്തു പറയേണ്ടവയാണ്. ഈ ചിത്രത്തില്‍ ഏറ്റവും റോള്‍ കുറഞ്ഞ വ്യക്തി പോലും സിനിമയേ ആത്മാവുള്ളതാക്കാന്‍ സഹായിക്കുന്ന 'excellent prop' ആണ്. അങ്ങേയറ്റം സ്വാഭാവികമായ, ജൈവമായ അഭിനയശൈലിയുള്ള ഒരു പറ്റം നടീനടന്മാരെയാണ് രാജീവ്‌ രവി അഭിനയം എന്ന ഭാരിച്ച ദൌത്യം ല്‍പ്പിച്ചിട്ടുള്ളത് എന്ന് പറയാതെ വയ്യ. 
ഒരു നാടിന്‍റെ സാമ്പത്തികവും രാഷ്ട്രീയവുമായ മാറ്റങ്ങള്‍ സമൂഹത്തില്‍ എങ്ങനെ പ്രതിഫലിക്കുന്നു എന്നുള്ളത് പലപ്പോഴും വളരെ സൂക്ഷ്മമായ ഒരു കാര്യമാണ്. ഒരു തലമുറയുടെ മുഴുവന്‍ വ്യക്തിജീവിതം വല്ലാതെ  മാറിമറിയും. അത് ചിലപ്പോള്‍ സമൂഹത്തിന്‍റെ ഒരു തട്ടിനെ മൊത്തത്തില്‍ ശിഥിലമാക്കും. അരാജകത്വത്തിലേക്ക് കൊണ്ടെത്തിക്കും. ഈ  വസ്തുതയെ ഈ ചിത്രം സധൈര്യം അങ്ങേ അറ്റം സത്യസന്ധതയോടെ അഭിസംഭോധന ചെയ്യുന്നുണ്ട്. ഇത് തന്നെയാണ് ഈ ചലച്ചിത്രത്തിന്‍റെ കാതല്‍. ഒരിക്കല്‍ ചീഞ്ഞുതുടങ്ങിയാല്‍ പിന്നെ പിന്നോട്ട് പോക്കില്ല. Things get worse, എന്നാണല്ലോ. ഇതൊരു പൊളിറ്റിക്കല്‍ ഡ്രാമയോ പൊളിറ്റിക്കല്‍ ത്രില്ലറോ അല്ല. ഇത് പച്ചയായ മനുഷ്യരുടെ കഥയാണ്‌. കൊച്ചിയുടെ കഥയാണ്‌. കൊച്ചിയെ വളരെയധികം അടുത്തറിയുന്ന ഒരാള്‍ക്ക്‌ മാത്രം പറയാന്‍ കഴിയുന്ന കഥയാണ്‌. "ഞാനരിയും കുരലുകളെല്ലാം എന്‍റെതോ പോന്നഛാ?" എന്ന് തുടങ്ങുന്ന ആ ഗാനത്തില്‍ പറയുന്നതുപോലെ പുഴുക്കളുടെയും പുലികളുടെയും പക്കികളുടെയും എല്ലാം കൂടെ നരകിച്ചു ജീവിക്കുന്ന മനുഷ്യജന്മങ്ങളുടെ കഥ.
വെറുതേ ഒരു കഥപറച്ചിലിനപ്പുറം ഒരു നാടിനെ, അതിന്‍റെ ആത്മാവിനെ അതുപോലെ ഒപ്പി വയ്ക്കുകയാണ് ചിത്രം. മലയാളത്തില്‍ ചെങ്കോലിനു ശേഷം വളരെ അധികം കലാമൂല്യമുള്ള ഒരു ക്രൈം ഡ്രാമാ കമ്മട്ടിപ്പടം മാത്രമേ ഉണ്ടാകൂ എന്ന് പറയേണ്ടി വരും. ചെങ്കോലില്‍ ലോഹിതദാസ് മനുഷ്യവികാരങ്ങളെ, അവസ്ഥകളെ വരച്ചു കാട്ടുന്നതില്‍ പാലിച്ചിട്ടുള്ള നിര്‍ദയമായ പാരുഷ്യം ഈ ചലച്ചിത്രത്തിന്‍റെ ആഖ്യാനത്തിലും കാണാന്‍ സാധിക്കും (രണ്ടു ചിത്രങ്ങളും തികച്ചും വ്യത്യസ്തമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യുന്നതെങ്കില്‍ പോലും).
കൂടുതല്‍ പറഞ്ഞുകളയാന്‍ താല്‍പര്യപ്പെടുന്നില്ല. സിനിമയെ ഒരു അനുഭവമായി കാണുന്നവര്‍, കണ്ണുകൊണ്ട് മാത്രം കണ്ടുമറക്കാന്‍ താല്പര്യമില്ലാത്തവര്‍, ഇതുപോലെയുള്ള സത്യസന്ധമായ, ആത്മാര്‍ഥമായ കലാസൃഷ്ടികളെ പ്രോത്സാഹിപ്പിക്കുക, തീയേറ്ററില്‍ പോയി എത്രെയും വേഗം ഈ സിനിമ കാണുക എന്നെ സഹൃദയരായ 'genuine' സിനിമാ സ്നേഹികളോട് പറയാനുള്ളൂ.