Monday, April 13, 2020

മിഡ്സമ്മര്‍ - വിചിത്രമായി  അലട്ടുന്ന, അതിവശ്യമായ  ഒരു  ദൃശ്യകാവ്യം




ഈ ആസ്വാദനം വായിക്കുന്നതിനു മുന്‍പ് ഒരു അറിയിപ്പ് -
മിഡ്സമ്മര്‍ എന്ന ഈ ചലച്ചിത്രം കണ്ടിട്ടില്ലാത്തവര്‍ 2 മണിക്കൂര്‍ 50 മിനിറ്റ് ദൈര്‍ഖ്യമുള്ള Director's Cut കാണാന്‍ പ്രത്യേകം ശ്രദ്ധിക്കുക (2 മണിക്കൂര്‍  20 മിനിറ്റ് ദൈര്‍ഖ്യമുള്ള theatrical cut ഒഴിവാക്കുക).

 


ആദ്യഷോട്ടില്‍  ഒരു  വല്ലായ്മ  ഉളവാക്കുന്ന, എങ്കിലും  മനോഹരമായ ഒരു മ്യൂറല്‍ ആണ്. അതില്‍ എല്ലാം ഉണ്ട്. നോര്‍ഡിക് അല്ലെങ്കില്‍ പ്രാചീന സ്കാന്‍റിനേവിയന്‍ മാതൃകയിലുള്ള  ചുവര്‍ചിത്രങ്ങള്‍ മിഡ്സമ്മറിന്‍റെ ആഖ്യാനശൈലിയെ വല്ലാതെ വശ്യമാക്കുന്നു. ഹൊറര്‍ എന്നോ ത്രില്ലര്‍ എന്നോ ഒക്കെ ഒരുവാക്കില്‍ ചുരുക്കുന്നത് ഈ ചലച്ചിത്രത്തോട് കാണിക്കുന്ന കടുത്ത അനീതിയാകും. വളരെ സാവധാനത്തില്‍ എരിഞ്ഞുതുടങ്ങി പതിയെപ്പതിയെ ആളുന്ന ഒരു കനല്‍ത്തരി പോലെയാണ് ഈ ചലച്ചിത്രം. ഈ കഥ  പറയാന്‍ ഈ  താളം തിരഞ്ഞെടുത്ത സംവിധായകന്‍ ആഴി ആസ്റ്റര്‍ക്ക് ആദ്യമായി  ഒരു  കൂപ്പുകൈ.




ഫ്ലോഴന്‍സ് പ്യൂ  അവതരിപ്പിക്കുന്ന  ഡാനി  ആഡര്‍ ആണ് കേന്ദ്രകഥാപാത്രം. തന്‍റെ ജീവിതത്തില്‍ നേരിടേണ്ടിവന്ന ചില ദുരന്തങ്ങള്‍ മൂലം ഉണ്ടായ കടുത്ത മാനസികാഘാതത്തിലും (psychological trauma), ഭീതിജനകമായ ഒറ്റപ്പെടലിലും, തീവ്രമായ ഉല്‍കണ്‌ഠയിലും നീറുമ്പോഴും തനിക്ക് ചുറ്റുമുള്ള തന്‍റെ കാമുകന്‍ ഉള്‍പ്പടെയുള്ള സുഹൃത്തുക്കള്‍ക്ക് ഒരു വൈകാരികമായ ഭാരമാകാതിരിക്കാന്‍ ക്ലേശപ്പെടുന്ന ഡാനിയെ തികഞ്ഞ കൈയ്യടക്കത്തോടെയും അങ്ങേയറ്റം തീക്ഷ്ണതയോടെയും വരച്ചുകാട്ടിയ ഫ്ലോഴന്‍സ് പ്യൂ, ജ്യാമിതീയമായ  കൃത്യതയും സ്വപ്നതുല്യമായ ഉന്മാദാവസ്ഥയുടെ ലഹരിയും ഒരേസമയം പ്രകാശംകൊണ്ടു വരച്ചുകാട്ടിയ ഛായാഗ്രാഹകാന്‍ പാവല്‍ പോഗഷോവ്സ്കി, ഭയാനകമായ മുഹൂര്‍ത്തങ്ങളെ സുന്ദരവും ശാന്തവുമായ സംഗീതശകലങ്ങളുടെ മേലാടയണിയിച്ച് നമ്മുടെ അസ്വസ്ഥതയ്ക്കും ഭീതിക്കും ആക്കം കൂട്ടിയ സംഗീതസംവിധായകന്‍ ബോബി ക്രിലിക്ക് എന്നിവരുടെ പേരുകള്‍ ഒറ്റശ്വാസത്തില്‍ പറഞ്ഞ് അവരെ ആദരിക്കാതെ  വയ്യ.




സംവിധായകന്‍ ഒരു സ്വീഡിഷ്‌  കള്‍ട്ട്  സമൂഹത്തിലേക്ക്,  അതിന്‍റെ  ആത്മാവിലേക്ക്,  അതിന്‍റെ  ഉപരിതലത്തില്‍  ശുഭ്രമായ (എന്നാല്‍  ആഴത്തില്‍ ഇരുണ്ടതായ)  ഭയാനകമായ വന്യതയിലേക്ക്  വളരെ  സാവധാനം  പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്നു.  ശുഭ്രവസ്ത്രധാരികളായ  പുരുഷന്മാരുടേയും  സ്ത്രീകളുടേയും  ഗ്രാമം. അവിടെ  എത്തുന്ന  നരവംശശാസ്ത്രഗവേഷകരായ ഒരു സംഖം ചെറുപ്പക്കാര്‍. അവര്‍ക്കൊപ്പം അവരില്‍  ഒരുവനായ ക്രിസ്റ്റ്യന്‍  ഹ്യൂസിന്‍റെ  ഗേള്‍ഫ്രണ്ട്  ഡാനിയും. നാഡികളില്‍ ആചാരങ്ങളും   ആരാധനകളും  മിത്തുകളും  നുരയുന്ന  ഒരു  സമൂഹം. അവിടെ  സ്ത്രീ  പ്രകൃതിയാണ്.  ഭൂമിയാണ്‌.  




ഒരുതരത്തില്‍ ആഴി ആസ്റ്റര്‍ അതിസമര്‍ത്ഥമായി  വക്രീകരിച്ചു  പറയുന്ന,  ഭീതിയും  അസ്വസ്ഥതയും  ഉളവാക്കുന്ന  ഒരു  "കുടുംബകഥ"  കൂടിയാണ്  മിഡ്സമ്മര്‍. അരക്ഷിതത്വവും  ഒറ്റപ്പെടലും  മിഡ്സമ്മറിന്‍റെ പ്രധാനപ്രമേയങ്ങളാണ്.   പുനര്‍ക്കാഴ്ചകള്‍  പുതിയ  അടരുകള്‍  സമ്മാനിക്കും  എന്നത്  തീര്‍ച്ച.  ഒരോ  സിനിമാഭ്രാന്തനും  കണ്ടിരിക്കേണ്ട  ഒരു   മാസ്റ്റര്‍പീസ്‌. വീര്യം  കൂടിയ  ഒരു  ലഹരി  പോലെ  തലച്ചോറില്‍  കത്തിപ്പടരാന്‍  വളരെയധികം  സാധ്യതയുള്ള  ഒരു   'കള്‍ട്ട്'  ക്ലാസിക്.

No comments: