Wednesday, May 27, 2015

ഒരു വിലാപഗാനം

അറ്റുപോയെന്‍റെ ഈ ഉയിരിന്‍റെ പാതിയും 
അറ്റുവീണു പോയ പൊക്കിൾകൊടിക്കൊപ്പം;
ഇറ്റു വീഴുന്ന ഈ ചോരയും ഒപ്പി ഞാൻ  
നോറ്റ  ഈ ഗ്രീഷ്മവും വർഷവും ശിശിരവും,
ഒറ്റയ്ക്കിരുന്നു ഞാനൊഴുക്കിത്തീർത്ത ഈ
വറ്റാത്ത  കണ്ണുനീർപുഴയുമെല്ലാമിനി
നെറ്റിയിൽ വീണുമായുന്ന ചുളിവുകൾക്കപ്പുറം
മറ്റൊന്നുമല്ലെന്നിരിക്കിലും 
കുറ്റബോധത്തിന്‍റെ നരകാഗ്നിയിൽ ഇനി
മറ്റൊരു ജന്മവും എരിയാതിരിക്കട്ടെ.
കാറ്റത്ത്‌ പാറുന്ന അപ്പൂപ്പൻതാടികൾ
മുറ്റത്തിറങ്ങാൻ മടിക്കുന്ന വേളയിൽ
പറ്റിപ്പിടിക്കാൻ പടർന്നു കിടക്കുന്ന
വെറ്റിലക്കൊടിയിലെ തളിരുകൾ നമ്മൾ.
മറ്റേതുമാണെന്ന ചിന്ത വേണ്ട ഇനി
മറ്റൊന്നുമാവാനൊരുങ്ങിടേണ്ട വൃഥാ.

~ ഹരി ശങ്കർ  

Friday, May 22, 2015

സ്പന്ദിക്കാത്ത അസ്ഥിമാടം

(എന്‍റെ ബാല്യകാലം മുതലുള്ള സുഹൃത്തും, പ്രതിഭാധനനായ എഴുത്തുകാരനും, അസാമാന്യ സർഗ്ഗശേഷിയും ഭാവനയുമുള്ള ഒരു ചിത്രകാരനുമായ ഹരികൃഷ്ണൻ ജയകുമാർ എന്ന ഹരി വരച്ച ഈ ചിത്രം എന്‍റെ ചിന്തകൾക്ക് അല്പസമയത്തേക്കെങ്കിലും ചിറകുകൾ നല്കി. 
ന്‍റെ  ഈ വരികൾ ആ ചിതറിപ്പറന്ന ചിന്തകളെ  കൂട്ടിച്ചേർത്ത് വായിക്കാനുള്ള ഒരു എളിയ ശ്രമം മാത്രം...)



ഒരു മീനമാസം തീർത്ത വെയിലാഴിയിൽ 
തണൽദ്വീപു  തേടി ദിക്കറിയാതലയവേ
കണ്ടു ഞാൻ നിഴൽപുതപ്പിൻ കീഴിൽ
അലസയായുറങ്ങുന്നൊരപ്സരകന്യകയെപ്പോല-
നന്തമായ് നീണ്ടു കിടക്കുന്നൊരീ പാത,
ഓർത്തു ഞാൻ നന്ദിയോടെ,
എനിക്കായ് വെയിൽ  കാഞ്ഞൊരാ
അജ്ഞാത വൃക്ഷമാം നന്മയേ.
കാതങ്ങൾ പിന്നിട്ടു മുന്നോട്ടു നീങ്ങവേ
കണ്ടു ഞാൻ, മരമല്ലൊരസ്ഥിമാടം മാത്രം;
തെല്ലും ഭയന്നില്ല ഞാനെന്‍റെ പേരതിൽ
വായിച്ച മാത്രയിൽ കരഞ്ഞതുമില്ല ഞാൻ;
ശീതളമാമീ കരിനിഴൽപരവതാനി
തീർത്ത സൂര്യനേ നോക്കിയൊരു
മന്ദസ്മിതം
തൂകി നിന്നു ഞാൻ
നിസ്സങ്കനായ്
വൃഥാ.

 ~ ഹരി ശങ്കർ