Thursday, February 18, 2016

ഒരു ഫ്രീക്ക് നേരംപോക്ക്

ഒബ്രോണ്‍ മാളിന്‍റെ ചില്ലുവാതില്‍ എനിക്കായി വകഞ്ഞു മാറിയപ്പോള്‍ സമയം ഉച്ചതിരിഞ്ഞ് പന്ത്രണ്ട് കഴിഞ്ഞിരുന്നു. പാര്‍കിംഗ് സ്പേസിലേക്ക് നടന്നു. വെയില്‍ പി.സി. ജോര്‍ജിന്‍റെ അസഭ്യവര്‍ഷത്തേക്കാള്‍ ഭയാനകം! (ഔചിത്യം തീരെ ഇല്ലാത്ത ഉപമയായി പോയോ?).  ബൈക്കിന്‍റെ അടുത്തേക്ക് നീങ്ങിയപ്പോള്‍ അവിടെ അയാള്‍ നില്‍പ്പുണ്ടായിരുന്നു. സംശയിക്കേണ്ട. അയാള്‍ തന്നെ. ദൈവം. ശംഖചക്രഗദാധാരിയോ നന്തി എന്ന പൌരാണിക ഹാര്‍ളി ഡേവിഡ്‌സണ്‍ വാഹനനോ കൌബോയ്‌ ജൂതനോ ഒന്നുമായിരുന്നില്ല അയാള്‍. ഒരു ലക്ഷണമൊത്ത  ഫ്രീക്കന്‍. കഴുത്തില്‍ 'ലൈഫ് ഈസ്‌ ഡിഫിക്കല്‍ട്ട്' എന്ന ടാറ്റൂ ഇല്ലായിരുന്നെങ്കിലും അയാളുടെ മുഖത്ത് എന്തോ ഒരു നിരാശയുള്ളതായി തോന്നി.
ദൈവമാണെന്നെനിക്കെങ്ങനെ മനസ്സിലായെന്നാണോ? പറയാം. ഞാന്‍ നോക്കിയപ്പോള്‍ (ഞാനേ കണ്ടുള്ളൂ. ഞാന്‍ മാത്രേ കണ്ടുള്ളൂ) അയാളുടെ ചതുര്‍ഭുജങ്ങളിലൊന്നില്‍ ഐ ഫോണും, മറ്റൊന്നില്‍ ഐ പാഡും, മൂന്നാമത്തേതില്‍ ഐ പോഡും നാലാമത്തേതില്‍ ഒരു കഞ്ചാവ് ബീഡിയും ഉണ്ടായിരുന്നു. ഏതായാലും ഞാന്‍ ബൈക്കില്‍ കയറി ഇരുന്ന് കണ്ണുകൊണ്ടാങ്ങ്യം കാണിച്ചപ്പോള്‍ തെല്ലും മടിയില്ലാതെ അയാളും പിന്‍സീറ്റില്‍ കയറി ഇരുന്നു. ലക്ഷ്യമില്ലാത്ത ആ ഡ്രൈവിനിടയില്‍ പാടുന്ന താരരാജാവിന്‍റെയും അഭിനയിക്കുന്ന ഗാനകോകിലത്തിന്‍റെയും മറ്റും ഫ്ലക്സുകള്‍ താണ്ടി പോകുമ്പോള്‍ അയാളുടെ ആത്മഗതം ഞാന്‍ കേട്ടു, "ഇതിനൊന്നും  ഞാന്‍ ഉത്തരവാദിയല്ല." ഞാന്‍ ഇടയ്ക്കു കയറി, "താങ്കള്‍  ഫ്രീ വില്ലും കൊടുത്തിരുന്നു." അയാള്‍ നെടുവീര്‍പ്പിട്ടു.
പോകുന്ന വഴി ഒരു ജാഥ കണ്ടു. "എന്താണത്?" അയാള്‍ ചോദിച്ചു. "ഓ, അത് എക്കാലത്തും എല്ലാവരാലും വേട്ടയാടപ്പെടുന്ന റെവല്യൂഷണറി ഡെമോക്രാറ്റിക് പാര്‍ട്ടി (ആര്‍.ഡി.പി) യുടെ ശവകേരളാ മാര്‍ച്ചാണ്." ഞാന്‍ സംശയം തീര്‍ത്തുകൊടുത്തു.  തുടരെത്തുടരെയുള്ള പല വിചിത്ര നഗരക്കാഴ്ച്ചകളും അയാളുടെ നെടുവീര്‍പ്പിന്‍റെ ആക്കം കൂട്ടിക്കൊണ്ടേയിരുന്നു. "ഐ ഡെയര്‍ യു, ഐ ഡബിള്‍ ഡെയര്‍ യു മദര്‍ഫക്കര്‍... സേ യു ആര്‍ ഗോഡ് വണ്‍ മോര്‍ ഗോഡ്ഡാം ടൈം..."  എന്ന് സാമൂതിരി ജാക്ക്സണ്‍ സ്റ്റൈലില്‍ തോക്ക് ചൂണ്ടിക്കൊണ്ട് ഓരോ സിനിമാ പോസ്റ്ററും, രാഷ്ട്രീയ ഫ്ലക്സുകളും, അയാള്‍ക്കുനേരെ ഗര്‍ജ്ജിക്കുന്നതായി അയാള്‍ക്ക്‌ തോന്നിയിട്ടുണ്ടാവണം.
സിനിമാ! അതെ! അതുതന്നെ! "നമുക്കൊരു സിനിമയ്ക്കു പോയാലോ ബ്രോ?" ഞാന്‍ അയാളെ ഒന്നുഷാറാക്കാന്‍ ചോദിച്ചു. "ആവാം" അയാള്‍ ഉഷാറിച്ചു. "ഇപ്പോഴത്തെ ഏറ്റവും വലിയ ന്യൂ ജെനറേഷന്‍ ന്യോ നോയര്‍ മള്‍ട്ടി സ്റ്റാറര്‍ സര്‍റിയല്‍ റോമാന്‍റിക്ക് ത്രില്ലര്‍  'ഓട്ടം ബനാനാസ്' കണ്ടാലോ?". "ബലേ ഭേഷ്". ടിക്കറ്റ്‌ കൌണ്ടറില്‍ ക്യൂ നില്‍കുമ്പോള്‍ അയാളുടെ മുഖത്ത് പ്രതീക്ഷയുടെ കിരണങ്ങള്‍ മിന്നിമറയുന്നത് ഞാന്‍ ശ്രദ്ധിച്ചു. സിനിമ നന്നായി രസിച്ചു. കണ്ടിറങ്ങുമ്പോള്‍ അതാ വരുന്നു, ആള്‍ക്കൂട്ടത്തിനിടയില്‍,  സംവിധായകന്‍. ഫ്രീക്കന്‍ പിന്നെ ഒന്നും നോക്കീല്ല. ഓടിച്ചെന്നു സംവിധായകനെ വാരിപ്പുണര്‍ന്നു. ആനന്താശ്രുക്കള്‍കൊണ്ട് അയാളെ മാമോദിസ മുക്കി. അങ്ങനെ സംവിധായകനും ഹാപ്പി. എല്ലാം ശുഭം. തമ്മില്‍ പിരിയാന്‍ നേരം അയാള്‍ എന്‍റെയും കൈ കൂട്ടിപ്പിടിച്ച് കണ്ണീര്‍ പൊഴിച്ചു. ജിറാഫിന്‍റെ ലാറഞ്ചൈല്‍ ഞരമ്പിനെക്കാളൊക്കെ (റിച്ചാര്‍ഡ്‌ ഡോക്കിന്‍സിനു സ്തുതി) എത്രയോ ഊ...ജ്ജ്വലമായ സൃഷ്ടികള്‍ പടച്ചു വിടുന്ന "ദൈവങ്ങള്‍" ഭൂമിയില്‍ വസിക്കുന്നു! എന്തൊരാശ്വാസം! നിരാശയുടെ കണികപോലും ഇപ്പോളില്ല. ഞങ്ങള്‍ അങ്ങനെ റ്റാറ്റയും ബിര്‍ലയുമൊക്കെ പറഞ്ഞു പിരിഞ്ഞു.
                                                                          ശുഭം.

~ഹരി ശങ്കര്‍. എസ്

Saturday, February 6, 2016

ഇരുട്ട്, നിലവിളി, വീണ്ടും ഇരുട്ട്

ഞാന്‍ എന്നത്തേയും പോലെ ഇന്നും അവളുടെ നെറുകയില്‍ ചുംബിച്ചിരുന്നു. അവളുടെ നെറുകയിലെ ചൂടും പൌഡറിന്‍റെ ചുവയും എനിക്ക് ഓർത്തെടുക്കാൻ കഴിയാറുണ്ട് പലപ്പോഴും. ഇന്ന് രാവിലെ തിരക്കിട്ടിറങ്ങുമ്പോള്‍ ഏട്ടനും പെട്ടന്ന് തിരിഞ്ഞു നിന്നവളോട് പതിവ് ചോദിച്ചു വാങ്ങി, "വേഗം താ". "ഉമ്മാാാ". അവൾ ഏട്ടന്‍റെ ഇടത്തെ കവിൾ ചുണ്ടിനോടു ചേർത്തു വെച്ചു. നിറഞ്ഞ ചിരിയോടെയാണ്‌ ഏട്ടൻ ഇന്ന് ഓഫീസിൽ പോയത്. പക്ഷെ ഇന്ന് ഏട്ടന്‍ തിരികെ വരുമ്പോൾ അവൾ ഉണർന്നിട്ടുണ്ടാകില്ല.
അവൾ നല്ല ബുദ്ധിയുള്ള കുട്ടിയായിരുന്നു. അന്നവൾക്ക് 6 വയസ്സ്. ഏട്ടനും ഞാനും ആയിട്ടുള്ള ഏതോ ഒരു സ്വകാര്യ നിമിഷം അവൾ കണ്ടിട്ടുണ്ടാവണം, പിറ്റേന്നു രാവിലെ പാലു കൊടുക്കാൻ അവളുടെ അരികിലേക്കു പോയത് തെല്ല് ജാള്യതയോടെയാണ്. ഗ്ലാസ്സ് മുന്നിൽ വെച്ച് തിരക്കഭിനയിച്ച് അവളുടെ മുഖത്തു നോക്കാതെ രക്ഷപ്പെടാൻ ബുദ്ധിമുട്ടുമ്പോൾ കൈ പിടിച്ചു നിർത്തി ചിരിച്ചുകൊണ്ട് എന്നോടവൾ ചോദിച്ചതിങ്ങനെ ആയിരുന്നു, "അമ്മക്ക്‌ എന്നെ ഇഷ്ടമല്ലേ?". ഞാൻ ഒന്നും പറയാതെ തലച്ചോറിന്‍റെ ഏതോ കോണിൽ അവശേഷിച്ചിരുന്ന ഒരു തുണ്ട് പുഞ്ചിരി എങ്ങനെയൊക്കെയോ മുഖത്തേക്ക് വരുത്തി രക്ഷപ്പെട്ടു.


  എനിക്ക് അവളെ ഇഷ്ടമായിരുന്നു. ഏട്ടന്‍റെ മടിയിലിരുന്ന് ഏട്ടന്‍റെ മീശ പിരിച്ചു കളിക്കുന്ന അവളെ ഞാൻ നോക്കി നിന്നിട്ടുണ്ട്. ഇമ വെട്ടാതെ. ഇടക്ക് എന്‍റെ നേർക്ക്‌ കണ്ണെറിഞ്ഞു ചിരിക്കുമായിരുന്നു അവൾ. ഞാനും ചിരിക്കാൻ ശ്രമിക്കും. അന്നൊക്കെ മിക്കവാറും എല്ലാ രാത്രികളിലും അതേ ദുസ്വപ്നം കാണുമായിരുന്നു. ഞെട്ടി ഉണർന്നു കരയുമായിരുന്നു. ചില നിശ്ശബ്ദമായ രാത്രികളിൽ സെക്കന്‍റു സൂചികൾ മരണപ്പാച്ചിൽ പായുന്ന ശബ്ദം എന്‍റെ ചെവി തുളക്കുമായിരുന്നു. തലയണക്കടിയിൽ തല ഞെരിച്ചു കിടക്കുമ്പോൾ കുപ്പിവളക്കിലുക്കം പോലെയുള്ള അവളുടെ ചിരി എനിക്കു ചുറ്റും നിറയും. പിന്നെ എപ്പോഴോ ഉറക്കത്തിനു കീഴടങ്ങും. എന്‍റെ വിരലുകള്‍ താമരത്തണ്ട് പോലെയുള്ള അവളുടെ കുഞ്ഞിക്കഴുത്തില്‍ അമര്‍ന്നപ്പോള്‍, അവള്‍ മടിയില്‍ കിടന്നു പിടഞ്ഞപ്പോള്‍, അവസാനശ്വാസം എടുത്തപ്പോള്‍, അവളുടെ കണ്ണുകള്‍ സഹതാപത്തോടെയാണ് എന്നെ നോക്കിയത് എന്നെനിക്കു തോന്നി. അവള്‍ ചെറുതായി പുഞ്ചിരിച്ചുവോ?

  • ["അച്ഛന് എന്തു കട്ടിയുള്ള മീശയാ!!". "ഇഷ്ടായോ നിനക്ക്?". "ഉം". കുഞ്ഞിക്കൈ മേൽച്ചുണ്ടിനു മുകളിലൂടെ ഓടി. "അച്ഛൻ ഒന്ന് പുറത്തു പോയി വരാം."]

"ഇവിടെ വാ അമ്മു... മതി അച്ഛന്‍റെ കൂടെ കുത്തിമറിഞ്ഞത്. മണി ഒൻപതു കഴിഞ്ഞു."  "കുറച്ചു നേരം കൂടി അമ്മേ ...". എന്‍റെ കണ്ണുകളിൽ തിളച്ചിരുന്ന അസ്വസ്ഥത അവൾ കണ്ടിരുന്നോ? "അമ്മയും വാ". "എനിക്കുറക്കം വരുന്നു". സോഫയിൽ തിരിഞ്ഞും മറിഞ്ഞും കിടന്നു. പന്ത്രണ്ടു മണിക്കു മുറിയിൽ ചെന്നു  നോക്കി. ശാന്തം. പിന്നീടെപ്പോഴോ മയങ്ങി.
പ്രത്യേകിച്ചു കാരണമൊന്നുമില്ലാതിരുന്നിട്ടും എനിക്ക് ഈ കല്യാണത്തിനു താൽപര്യമില്ലായിരുന്നു. പക്ഷേ പിന്നീട് ഏട്ടന്‍റെ മടിയിൽ തല വെച്ചുറങ്ങിയിരുന്ന ഓരോ സന്ദർഭത്തിലും ഞാൻ അതോർത്തു ചിരിച്ചു പോകാറുണ്ടായിരുന്നു. എന്‍റെ മുടിയിഴകൾക്കിടയിലൂടെ അനായാസം ഒഴുകിയിരുന്ന വിരലുകൾക്ക്  മിനുസ്സമേകിയിരുന്നത് കളങ്കമില്ലാത്ത വാത്സല്യമായിരുന്നു.
"ഷൈലജേ...". "എന്താ ഏട്ടാ?". വിരലോടിച്ചുകൊണ്ട് ഏട്ടൻ തുടര്‍ന്നു. "എന്താ നിന്‍റെ മുഖമൊക്കെ വല്ലാതെ? കുറച്ചു ദിവസമായി ഞാൻ ശ്രദ്ധിക്കുന്നു."  "ഒന്നുമില്ല ഏട്ടാ".  "എന്നോട് പറയില്ലേ?" "ഒന്നുമില്ല ഏട്ടാ. സത്യം." "ഉം...". വിരലുകൾ അലസമായി മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു. പാതി മയക്കത്തിൽ എപ്പോഴോ ഏട്ടനെ വിളിച്ചു. "എന്താ ഷൈലജേ, പറ." "നമ്മുടെ മോളേ ഒരിക്കലും വേദനിപ്പിക്കരുത് ഏട്ടാ" ആ കണ്ണുകളിൽ വല്ലാത്ത ആശങ്കയും സഹതാപവും മിന്നിമറയുന്നത് ഞാൻ കണ്ടു. മൂർദ്ധാവിൽ ചുംബിച്ചു. "ഇല്ലഡോ."

  •  [നേരം വല്ലാതെ  ഇരുട്ടി. ഉമ്മറത്തിരുന്ന്  അമ്മയുടെ മടിയില്‍ തല ചായ്ച്ചു കിടന്നുകൊണ്ട് ചോദിച്ചു, "അച്ഛൻ എന്താണമ്മേ വരാൻ വൈകുന്നത്?". "വരും മോളേ, അച്ഛൻ വരും." "കുറേ   ദിവസമായല്ലോ അച്ഛൻ പോയിട്ട്?" "മോളുറങ്ങിക്കോ, അച്ഛൻ വരും.". പാതി മയക്കത്തില്‍ ടോര്‍ച്ചിന്‍റെ വെളിച്ചം കണ്‍പോളകള്‍ക്ക് മീതെ പതിക്കുന്നത് ഞാനറിഞ്ഞു.  "അവളുറങ്ങിയോ ശ്രീദേവി?" അച്ഛന്‍ കാലുകൾ നിലത്തുറപ്പിക്കാൻ ബദ്ധപ്പെട്ടുകൊണ്ട് ചോദിച്ചു. "ഉറങ്ങിയേട്ടാ".  "ഉം.. അവളിന്നെന്‍റെ കൂടെ കിടക്കട്ടെ."]

പക്ഷേ ഇപ്പോൾ ഇവളുടെ മുടിയിഴകൾക്കിടയിലൂടെ ഓടുന്ന എന്‍റെ  ഈ കൈവിരലുകൾക്ക് വല്ലാത്ത ഒരു ഗന്ധമുണ്ട്. മരണത്തിന്‍റെ ഗന്ധം. ആ ഗന്ധം എന്‍റെ മൂക്ക് തുളക്കുന്നു. തല പെരുക്കുന്നു. മുടിത്തുമ്പുകളിലൂടെ തലയോട്ടിയിലേക്ക് ആ പെരുപ്പ്‌ അരിച്ചിറങ്ങുന്നു. തലയോട്ടിയിൽ പടരുന്നു. തലച്ചോറ് കാർന്നു തിന്നുന്നു. തലയോട്ടിക്കുള്ളിൽ ആയിരം ചീവീടുകൾ ചിലക്കുന്നതു പോലെ...

  • ["ശ്ശ്.. ശ്ശ്....   ഒച്ച വെക്കരുത് ഷൈലെ.. അച്ഛന് അത്ര ഇഷ്ടായതുകൊണ്ടല്ലേ... ". "എനിക്ക് പേടിയാകുന്നു. എനിക്ക് വേദനിക്കുന്നു അച്ഛാ.. ആ.. ആ... എനിക്ക് അ..മ്മേ..ടടുത്തു പോ...ണം." "ഇപ്പൊ പോകാം ഷൈലെ.. അച്ഛന്‍റെ മിടുക്കിക്കുട്ടിയല്ലേ.. ഒച്ച വെക്കല്ലേ..."]

ചുറ്റിനും ഇരുട്ട് വന്നു നിറഞ്ഞു.
ഇരുട്ട്. ഇരുട്ട് മാത്രം.


~ ഹരി ശങ്കര്‍